ഹൈലൈറ്റുകൾ
- 728 കേസുകൾ രജിസ്റ്റർ ചെയ്തു.
- 795 പേരെ അറസ്റ്റ് ചെയ്തു.
- ഏകദേശം 60 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
- രണ്ട് വിദേശ ബന്ധമുള്ള പ്രധാന കണ്ണികൾ പിടിയിലായി.
- സ്കൂൾ പരിസരങ്ങളിലെ വിൽപ്പനയ്ക്കെതിരെ കർശന നടപടി ഉണ്ടാകും

News Portal

തിരുവനന്തപുരം, 2026 ജൂൺ 6 –
സംസ്ഥാനത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് ശൃംഖലകളെ തകർക്കാൻ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദി നർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ഇതുവരെ 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കിടെ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. 625 ഗ്രാം എം.ഡി.എം.എ, 48.049 കിലോഗ്രാം കഞ്ചാവ്, 136 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ തൂഫാൻ ഇന്റലിജൻസ് എന്ന പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. 84 പോലീസ് ഡിവിഷനുകളിലായി നാല് പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച രണ്ട് പ്രധാന കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തതായും മന്ത്രി വ്യക്തമാക്കി. പന്തളം കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവേൽ ക്രിസൺ ഓക്ഫോറിനെയും പെരുനാട് കേസുമായി ബന്ധപ്പെട്ട് എൽസീന സനാടൻ സൂസയെയും പിടികൂടി.
ആഭ്യന്തര, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നത്. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പുകയിലയും മയക്കുമരുന്ന് ഉൽപ്പന്നങ്ങളും വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ രഹസ്യമായി പോലീസിനെ അറിയിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമായ നിയമനടപടികളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയി മയക്കുമരുന്ന് മുക്ത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.