തിരുവനന്തപുരം | മേയ് 30
വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം വരെ ആർത്തവാവധി നൽകുന്ന സർക്കാർ നയത്തിനെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്. ഈ തീരുമാനം പെൺകുട്ടികളെ കൂടുതൽ ശക്തരാക്കുമോ അതോ അബലകളാക്കുമോയെന്ന സംശയമാണ് അവർ സമൂഹമാധ്യമ കുറിപ്പിലൂടെ ഉന്നയിച്ചത്.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതിനെ പൊതുവായി അടയാളപ്പെടുത്തുന്ന സാഹചര്യം ശരിയല്ലെന്നുമാണ് ആർ ശ്രീലേഖയുടെ വിമർശനം. ചിലർക്കു വേദനയും അസ്വസ്ഥതകളും ഉണ്ടാകാമെങ്കിലും അതിന്റെ പേരിൽ പഠനത്തിലും ജോലിയിലും നിന്ന് പിന്മാറേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അവർ അഭിപ്രായപ്പെട്ടു.
സ്കൂൾ, കോളജ് കാലത്തും പിന്നീട് ഐപിഎസ് പരിശീലന സമയത്തും കടുത്ത ശാരീരിക പരിശീലനങ്ങളിൽ നിന്ന് താനും മറ്റു പെൺകുട്ടികളും ആർത്തവത്തിന്റെ പേരിൽ മാറിനിന്നിട്ടില്ലെന്ന് ശ്രീലേഖ കുറിപ്പിൽ പറയുന്നു. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നതെന്നും അതാണ് സ്ത്രീകളുടെ ശക്തിയെന്നും അവർ ചൂണ്ടിക്കാട്ടി.
മാസംതോറും ആർത്തവാവധി എടുക്കുമ്പോൾ വിദ്യാർഥിനികളുടെ സ്വകാര്യത തന്നെ നഷ്ടമാകുമെന്ന ആശങ്കയും അവർ പങ്കുവച്ചു. വീട്ടുകാരും അധ്യാപകരും മറ്റുള്ളവരും കുട്ടികളുടെ ആർത്തവസമയത്തെക്കുറിച്ച് മനസ്സിലാക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും വിമർശനം.. . ഇത് മെൻസ്ട്രുവൽ ഡിഗ്നിറ്റിയല്ലെന്നും മറിച്ച് നാണക്കേടാകാമെന്നും അവർ പറയുന്നു.
ആർത്തവാവധിക്ക് പകരം എല്ലാ സ്കൂളുകളിലും കോളേജുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ആവശ്യമായാൽ സൗജന്യ വേദനസംഹാരികൾ എന്നിവ ഉറപ്പാക്കുകയാണ് കൂടുതൽ പ്രായോഗിക നടപടിയെന്നാണ് ആർ ശ്രീലേഖയുടെ നിലപാട്. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായി വലിയ ചർച്ചയാണ് നടക്കുന്നത്.