കൊച്ചി | മേയ് 30
ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളായിരുന്ന അദ്ദേഹം എറണാകുളം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്നു.
ഇന്ന് രാവിലെ വിയോഗവാർത്ത പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അനുശോചനവുമായി രംഗത്തെത്തി. രാവിലെ 11 മണി മുതൽ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്കാണ് നടക്കുക.
കെഎസ്യുവിലൂടെയാണ് കെ.പി. ധനപാലൻ പൊതുരംഗത്തേക്ക് എത്തിയത്. കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് എറണാകുളം ഡിസിസി പ്രസിഡന്റായി ദീർഘകാലം പാർട്ടിയെ നയിച്ചു.
കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. ഹൈക്കമാൻഡ് പ്രതിനിധിയായി ലക്ഷദ്വീപിലും പ്രവർത്തിച്ചു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിച്ച ചാലക്കുടി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പറവൂർ നഗരസഭ കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1950 ഏപ്രിൽ 4 ന് നോർത്ത് പറവൂരിൽ ജനിച്ച അദ്ദേഹം ആലുവ യു.സി കോളജിൽ നിന്നാണ് ബിരുദം നേടിയത്. ഭാര്യ: സുമം ധനപാലൻ. മക്കൾ: പരേതനായ ബ്രിജിത്, മിലാഷ്.
ഒരു വാക്ക് കൊണ്ടുപോലും പാർട്ടിയെ വേദനിപ്പിക്കാത്ത നേതാവായിരുന്നു കെ.പി. ധനപാലനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.