ലക്നോ | ഉത്തർ പ്രദേശിൽ സാമൂഹിക മാധ്യമ വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമം ദുരന്തത്തിൽ കലാശിച്ചു. 60 അടി ഉയരമുള്ള ജലസംഭരണിക്ക് മുകളിൽ കയറിയ അഞ്ച് കുട്ടികളിൽ മൂന്ന് പേർ താഴെ വീണ് മരിച്ചു. രണ്ട് പേരെ അതീവ സാഹസിക രക്ഷാപ്രവർത്തന ത്തിലൂടെ സുരക്ഷിതമായി താഴെയിറക്കി. സിദ്ധാർഥ് നഗറിൽ മെയ് 2 ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
താഴെയിറങ്ങുന്നതിനിടെ ഗോവണി ഭാരം താങ്ങാനാകാതെ തകരുകയായിരുന്നു
റീൽ ചിത്രീകരിക്കാനാണ് അപകടസാധ്യത തിരിച്ചറിയാതെ കുട്ടികൾ ജലസംഭരണിക്ക് മുകളിൽ കയറിയത്. വീഡിയോ ചിത്രീകരിച്ച ശേഷം കുട്ടികൾ താഴെയിറങ്ങുന്നതിനിടെ ഗോവണി ഭാരം താങ്ങാനാകാതെ തകരുകയായിരുന്നു. മൂന്ന് കുട്ടികൾ 50 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു. ഇവരിലൊരാൾ തത്ക്ഷണവും രണ്ട് പേർ ആശുപത്രിയിൽ വെച്ചും മരിച്ചു.
രക്ഷാപ്രവർത്തനത്തിനായി എം ഐ-17 വി5 ഹെലികോപ്റ്ററെത്തി..
അതേസമയം, ജലസംഭരണിക്ക് മുകളിൽ കുടുങ്ങിക്കിടന്ന രണ്ട് കുട്ടികൾ കണ്ടുനിന്നവരെ ആശങ്കയിലാക്കി. അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. ചതുപ്പുനിലം കാരണം ക്രെയിനിന് സംഭവസ്ഥലത്തെത്താൻ കഴിഞ്ഞില്ല. അവിടേക്ക് വഴി നിർമിക്കാനുള്ള ശ്രമങ്ങൾ മഴമൂലം തടസ്സപ്പെടുകയും ചെയ്തു. സാഹചര്യം വഷളായതോടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ വ്യോമസേനയുടെ സഹായം തേടി. ഇതോടെ, രക്ഷാപ്രവർത്തനത്തിനായി എം ഐ-17 വി5 ഹെലികോപ്റ്ററെത്തി..
രാത്രിയും പിന്നിട്ട് 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഞായറാഴ്ച പുലർച്ചെ 5.20ഓടെ ഇരുവരെയും ആകാശമാർഗം സുരക്ഷിതമായി താഴെയെത്തിച്ചു. ജില്ലാ കലക്ടറുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു രക്ഷാപ്രവർത്തനം..