തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായി കാണാൻ കഴിഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന നേതൃയോഗം. എങ്കിലും 72-80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകുമെന്ന് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തി.12 സീറ്റുകളിൽ ഉറപ്പായും വിജയിക്കാനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ വിജയിക്കും.
ഫലം വന്നതിനു ശേഷം കൂടുതൽ വിലയിരുത്തലുകളിലേക്കു കടക്കും
അടൂരിലും ചിറയിൻകീഴിലും കടുത്ത മത്സരമാണ് നടന്നത്. എങ്കിലും ഈ രണ്ടു സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ ഇടതുമുന്നണിക്കായെന്നും യോഗം വിലയിരുത്തി. ഫലം വന്നതിനു ശേഷം കൂടുതൽ വിലയിരുത്തലുകളിലേക്കു കടക്കാനും ഇന്നലെ (ഏപ്രിൽ 11) ചേർന്ന നേതൃയോഗം തീരുമാനിച്ചു. എഫ്സിആർഎ വിഷയം ബിജെപിക്കെതിരേ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ ഇടതുമുന്നണിക്കായില്ലെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു.
