തിരുവനന്തപുരം: ഇന്നു (ഏപ്രിൽ 9) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായി 2.71 കോടി ജനം വിധിയെഴുതും.
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതും, രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ അഴിമതിയും ധൂർത്തും ജനവിരുദ്ധ സമീപനങ്ങളും ഭരണ വിരുദ്ധ തരംഗമായി അലയടിക്കുമെന്ന യുഡിഎഫ് പ്രതീക്ഷയുമാണ് ഇന്നത്തെ ജനങ്ങളുടെ വിധിയെഴുത്തിലെ മുഖ്യഘടകം. സംസ്ഥാനത്തു വീണ്ടും അക്കൗണ്ട് തുറക്കാനുള്ള കടുത്ത പോരാട്ടമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടേത്.
അലങ്കരിച്ച പോളിംഗ് ബൂത്തുകൾ
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഊബറുമായി ചേർന്ന് പോളിംഗ് ബൂത്തിലേക്ക് സൗജന്യയാത്ര ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ കുടിവെള്ളവും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും അടക്കം ക്രമീകരിക്കും. 1200 വോട്ടർമാരിൽ കൂടുതൽ വരുന്ന 24 ഇടങ്ങളിൽ ആക്സിലറി ബൂത്തുകളും ക്രമീകരിച്ചു. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിച്ചു. സംസ്ഥാനത്താകെ 2040 പ്രശ്ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയുടേത് അടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടം കേന്ദ്രസേനയുടെ നിയന്ത്രണത്തിലായി. 100 ശതമാനം സിസിടിവി നിരീക്ഷണവും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്ത് പിടിത്തവും കള്ളവോട്ടും അടക്കം തടയാനുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ജനവിധി തേടുന്നത് 883 സ്ഥാനാർഥികൾ
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 160 കന്പനി കേന്ദ്രസേനാംഗങ്ങൾ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിലെ ക്രമസമാധാനം ഉറപ്പാക്കാനായി ബൂത്തുകളുടെ ചുമതലയിൽ എത്തി. 3200 വോളിയന്റിയർമാരെയും വിന്യസിച്ചു. കൂടാതെ ഫ്ളൈയിംഗ് സ്ക്വാഡുകളുമുണ്ട്.
.വോട്ട് ചെയ്യാൻ 12 തിരിച്ചറിയൽ രേഖകൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഐഡി കാർഡ് (എപിക്) ഇല്ലാത്തവർക്ക് താഴെ കാണുന്ന 11 അംഗീകൃത തിരിച്ചറിയൽ രേഖകകളിൽ ഏതെങ്കിലും ഉപയോഗിക്കാം.
ആധാർ കാർഡ്, പാസ്പോർട്ട്,ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ. പാർലമെന്റ്, നിയമസഭാ അംഗങ്ങൾ ലെജിസ്ലേറ്റീവ് കൗണ്സിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.
.
