കൊച്ചി: കത്തോലിക്കാ സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കിനല്കാത്ത സാഹചര്യം നിലവിലുണ്ടെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അനിയന്ത്രിത അധികാരത്തോടുകൂടിയുള്ള പുതിയ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ സന്നദ്ധസേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.
ബിൽ പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്കു വിടണം
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന എഫ്സിആർഎ ഭേദഗതി ബിൽ പൊതുസമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്കു പോലും വന്നിട്ടില്ല.അതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചയ്ക്കുമായി ഈ ബിൽ പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്കു വിടണം. എഫ്സിആർഎ വിഷയം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി സഭ കാണുന്നില്ല. സഭയെ സംബന്ധിച്ചു കക്ഷിരാഷ്ട്രീയമില്ല. വിഷയത്തിലുള്ള ആശങ്കകളും ദുരൂഹതകളും നീക്കണമെന്നതാണു പ്രധാനമെന്നും ഫാ. തോമസ് തറയിലും കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. മൈക്കിൾ പുളിക്കലും വ്യക്തമാക്കി.
