ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഗൗരവ് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നന്ദഗ്രാമിലെ ഒരു വയലിൽ വച്ച് കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്ങിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസിന് നേരെ വെടിവച്ചു.
കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കൊലപാതകത്തിന് ശേഷം ഒളിപ്പിച്ചുവച്ച തോക്ക് കണ്ടെടുക്കാനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ, ഇയാൾ പോലീസിന് നേരെ വെടിവച്ചു. ഇതേ തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ പോലീസ് ഗൗരവിന്റെ രണ്ട് കാലുകൾക്കും നേരെ വെടിവച്ചു. പരിക്കേറ്റ ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാൾക്കെതിരെ കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
