ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ; എന്നാൽ പൂർണ നിയന്ത്രണം ഞങ്ങളുടേതെന്ന് ഐആർജിസി

തെഹ്റാൻ

പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തിനിടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും തുറന്ന നിലയിലാണെങ്കിലും അത് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.

ഐആർജിസിയുടെ നാവികസേന കമാൻഡറായ അലിറേസ തംഗ്സിരി നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്നും എന്നാൽ അതിന്റെ നിയന്ത്രണം പൂർണമായും ഇറാന്റെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ഇറാന്റെ കപ്പലുകൾ നശിപ്പിച്ചുവെന്നും എണ്ണ ടാങ്കറുകൾക്ക് സുരക്ഷാ എസ്കോർട്ട് നൽകിയെന്നും പറഞ്ഞത് വ്യാജപ്രചാരണമാണെന്നും തംഗ്സിരി ആരോപിച്ചു. “അമേരിക്കൻ സേന നമ്മുടെ കപ്പലുകൾ നശിപ്പിച്ചുവെന്നത് തെറ്റായ അവകാശവാദമാണ്. ഇപ്പോൾ അവർ മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം തേടുകയാണ്,” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ നേരത്തെ ഉയർന്നിരുന്നു. ആഗോള എണ്ണ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻകാലങ്ങളിലും ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന മുന്നറിയിപ്പ് നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കയുമായുള്ള സംഘർഷം ശക്തമായ സമയങ്ങളിൽ ഈ കടൽപാതയുടെ സുരക്ഷ ആഗോള രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമായിട്ടുണ്ട്.

ഇപ്പോൾ ഇറാൻ കടലിടുക്ക് അടച്ചിട്ടില്ലെങ്കിലും അതിന്റെ നിയന്ത്രണം കൈവശമുണ്ടെന്ന് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതവും എണ്ണ വ്യാപാരവും കൂടുതൽ സമ്മർദ്ദത്തിലാകാൻ സാധ്യതയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →