തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ലിഫ്റ്റ് നിലച്ചു. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ ആറ് പേരാണ് ഇത്തവണ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് ആറ് പേരെയും പുറത്തിറക്കിയത്. വൈദ്യുതി തകരാറിനെ തുടർന്നാണ് ലിഫ്റ്റ് പ്രവർത്തന രഹിതമായതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സുരക്ഷാ ജീവനക്കാരെത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറുപേരെയും പുറത്തിറക്കുകയായിരുന്നു.
ഒരു മാസത്തിനിടെ മൂന്ന് തവണ
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണ ഇത്തരത്തിൽ രോഗികളും കൂട്ടിരിപ്പുകാരും ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ആശുപത്രിയിലെ ജനറേറ്റൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് ഇടയ്ക്കിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് ആരോപണം.ജനുവരിയിൽ ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ 5,00,000 രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു.
