ന്യൂഡൽഹി: മണിപ്പുരിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ നാഗ ഭൂരിപക്ഷ ജില്ലയായ ഉക്രുളിലെ സ്കൂളിൽനിന്ന് 51 കുക്കി വിദ്യാർഥികളെ പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. ഉക്രുൾ രാംവയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽനിന്നാണ് 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ കുക്കി ഭൂരിപക്ഷ ജില്ലയായ കാംഗ്പോക്പിയിലേക്കു മാറ്റിയത്. 51 വിദ്യാർഥികളിൽ 20 പേർ പെണ്‍കുട്ടികളാണ്. ഈ കുട്ടികളുടെ പരീക്ഷാകേന്ദ്രങ്ങളും കാംഗ്പോക്പി ജെഎൻവിയിലേക്കു മാറ്റി.
അക്രമസാധ്യത കണക്കിലെടുത്ത് സൈനിക അകമ്പടിയോടെയാണു വിദ്യാർഥികളെ മാറ്റിയത്
കഴിഞ്ഞ ഏഴിനു നടന്ന ആക്രമണത്തെത്തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. അക്രമസാധ്യത കണക്കിലെടുത്ത് സൈനിക അകമ്പടിയോടെയാണു വിദ്യാർഥികളെ കുക്കി മേഖലയിലേക്കു മാറ്റിയത്. അക്രമങ്ങളിൽ ചില വിദ്യാർഥികൾക്കുകൂടി പങ്കുണ്ടെന്ന് നാഗകളുടെ വാട്സാപ് ഗ്രൂപ്പുകളിൽ തെറ്റായി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുക്കി വിദ്യാർഥികളെ സംഘർഷമേഖലയിൽനിന്ന് ഒഴിപ്പിച്ചത്.
