തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ്
സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു.
പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ. വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
