കൊല്ലം: ഭൂമി ഏറ്റെടുത്തതിനു നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലം കളക്ടറേറ്റ് കെട്ടിടവും രണ്ട് ഏക്കറോളം സ്ഥലവും കൊല്ലം സബ് കോടതി ജപ്തി ചെയ്തു. ഏറ്റെടുത്ത ഭൂമിയ്ക്കു കോടതി വിധി ഉണ്ടായിട്ടും നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവയ്ക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി. 2003ല്‍ കൊല്ലം കോര്പറേഷന് നഗരസഭ ആയിരുന്ന ഘട്ടത്തില്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പാക്കാന്‍ റെയിവേ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിനു പകരം ചിന്നക്കട ഉപാസന ആശുപത്രിക്കുസമീപം കൊല്ലം – തിരുമംഗലം പാതയുടെ വശത്തുള്ള വിജയലക്ഷ്മി കാഷ്യു ഫാക്ടറി ഉടമ പരേതനായ കെ.രവീന്ദ്രന് നായരുടെ 1.23 ഏക്കര്‍ ഏെറ്റടുത്തിരുന്നു.
സബ് കോടതി വിധിച്ച നഷ്ടപരിഹാരം കുറവാണെന്നു കാട്ടി ഭൂവുടമ ഹൈക്കോടതിയെ സമീപിച്ചു
അന്ന് 1.13 കോടി രുപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ചത്. എന്നാല്‍ തുക കുറഞ്ഞു പോയതിനെ തുടര്‍ന്ന് സ്ഥലം ഉടമ കോടതിയെ സമീപിച്ചു. കൊല്ലം സബ് കോടതി നഷ്ടപരിഹാരം എട്ടു കോടിയായി ഉയര്‍ത്തി ഉത്തരവിട്ടു. എന്നാല്‍ സബ് കോടതി വിധിച്ച നഷ്ടപരിഹാരം കുറവാണെന്നു കാട്ടി ഭൂവുടമയും കൂടുതലാണെന്ന് കാട്ടി കോര്‍പറേഷനും ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി കോര്‍പറേഷന്റെ ഹർജി തള്ളി നഷ്ടപരിഹാരം 12.43 കോടിയായി ഉയര്‍ത്തി വിധി പ്രസ്താവിച്ചു. ഭൂവുടമ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സബ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. എന്നാൽ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുമുള്ള നിയമ നടപടി സര്‍ക്കാര്‍ ആരംഭിച്ചു.
ഇതേ തുടര്‍ന്നാണ് കളക്ടറ്റേും സ്ഥലവും കോടതി ജപ്തി ചെയ്ത് പണം ഈടാക്കാനുള്ള നപടി സ്വീകരിച്ചത്. അതിനിടെ ജപ്തി നടപടി പിന്‍വലിക്കാനും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുമുള്ള നിയമ നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
.
