ക്വാലാലംപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫെബ്രുവരി 7 ന് മലേഷ്യയിലെത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ‘പങ്കാളിത്തം’ കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വ്യാപാരം, സാമ്പത്തികം, ഊർജം, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. 2023-24 വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 20 ബില്യൺ ഡോളറിലെത്തിയിരുന്നു.
സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും
ക്വാലാലംപുരിൽ നടക്കുന്ന വലിയ സ്വീകരണ പരിപാടിയിൽ പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഈ ചടങ്ങിൽ പങ്കുചേരും എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഫെബ്രുവരി 8 ഞായറാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കുന്നത്. .
