കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
ജനങ്ങളില്‍ ആശങ്ക
കൗണ്‍സിലര്‍ ലസിത പീറ്ററുടെ നേതൃത്വത്തില്‍ സ്‌നേക്ക് റെസ്‌ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനവാസമേഖലയിലെ പാമ്പ് ശല്യം വര്‍ധിക്കുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് പലയിടത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണം കാലാവസ്ഥ വ്യതിയാനം
അതേസമയം, കാലാവസ്ഥ വ്യതിയാനമാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ വനം വകുപ്പിന്‍റെ സര്‍പ്പ റെസ്‌ക്യൂ ടീം അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയാണ്.
