ജയ്പുർ: രാജസ്ഥാനിലെ നഗൗർ ജില്ലയിലെ ഒരു കൃഷിയിടത്തിൽനിന്ന് വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു
ഒരു കൃഷിയിടത്തിൽ 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തു
.2026 ജനുവരി 24 ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇതിനുപുറമേ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇയാൾ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് മൃദുൽ കച്ഛ്വ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യും
മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നതായും ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറിയതായും വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
