തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശസ്ഥാപന ഓംബുഡ്സ്മാനായി നിയമിക്കാൻ ശിപാർശ ചെയ്ത മന്ത്രിസഭാ തീരുമാനത്തെ എതിർത്തുകൊണ്ട് ഗവർണർക്ക് ഹർജി. ഓംബുഡ്സ്മാൻ നിയമനം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ്. സുരേഷും ഗവർണർക്കു പരാതി നൽകി.
ഈ പദവി ലോകായുക്ത നിയമത്തിലെ വകുപ്പ് 5(3)ന്റെ പരിധിയിൽ വരുമെന്ന് ഇവർ വാദിച്ചു.
കേരള ലോകായുക്ത നിയമം, സെക്ഷൻ 5(3) പ്രകാരം മുൻ ലോകായുക്തയോ ഉപലോകായുക്തയോ ആയിരുന്നവർ ഏതെങ്കിലും അഥോറിറ്റി, കമ്പനി, കോർപറേഷൻ, സൊസൈറ്റി, സർവകലാശാല എന്നിവയുടെ കീഴിൽ ശമ്പളത്തോടെയുള്ള നിയമനത്തിന് അർഹരല്ലെന്ന വ്യവസ്ഥ നിലനിൽക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമപരമായി സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് വേതനം ലഭിക്കുന്നതാണ് ഓംബുഡ്സ്മാൻ നിയമനം എന്നതിനാൽ ഈ പദവി ലോകായുക്ത നിയമത്തിലെ വകുപ്പ് 5(3)ന്റെ പരിധിയിൽ വരുമെന്ന് ഇവർ വാദിച്ചു.
മന്ത്രിസഭാ തീരുമാനത്തിന് ഒരു തരത്തിലും അംഗീകാരം നൽകരുതെന്ന് ഹർജിയിൽ
സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾക്ക് വിധേയമായി മന്ത്രിസഭാ തീരുമാനത്തിന് ഒരു തരത്തിലും അംഗീകാരം നൽകരുതെന്ന് ഹർജിയിൽ ഇവർ ഗവർണറോട് ആവശ്യപ്പെട്ടു. നേരത്തെ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും തദ്ദേശ സ്ഥാപന ഓംബുഡ്മാൻ നിയമനത്തിന് എതിരേ ഗവർണർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 21 ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്ഥാപന ഓംബുഡ്സ്മാനായി നിയമിക്കാൻ തീരുമാനിച്ചത്.
