ന്യൂഡൽഹി: അറബിക്കടലിൽ ഗുജറാത്ത് തീരത്തിനടുത്ത് ദുരൂഹതയുണർത്തി വെള്ളം തിളച്ചുമറിയുന്നു. മത്സ്യത്തൊഴിലാളികളാണ് വീഡിയോ പകർത്തി സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.കടലിലെ വലിയൊരു ഭാഗത്ത് വെള്ളം തുടർച്ചയായി തിളച്ചുമറിയുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുകയാണ്. ഇതിനു പിന്നിലെ കാരണം കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ജാഗ്രതാ നിർദേശം
കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി പാൽഗഡ് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. കടൽത്തീരത്തെ വാതകച്ചോർച്ച, കടലിനടിയിലെ ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ, കടലിനടിയിലെ പൈപ്പ് ലൈനുകളുടെ ചോർച്ച എന്നീ സാധ്യതകളിലേക്കാണ് അന്വേഷണം നീളുന്നത്. വളരെ അസാധാരണവും അപകടസാധ്യതയുമുള്ള പ്രതിഭാസത്തിനെതിരേ അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 2021ൽ മെക്സിക്കോ ഉൾക്കടലിൽ കടലിനടിയിലെ പൈപ് ലൈനിലുണ്ടായ ചോർച്ച മൂലം കടലിനു മുകളിൽ തീപിടിത്തമുണ്ടായിരുന്നു.
“തീയുടെ കണ്ണ്’ എന്നപേരിൽ ഈ അസാധാരണ തീപിടിത്തത്തിന്റെ വീഡിയോകൾ ലോകമെമ്പാടും പ്രചരിക്കുകയും ചെയ്തിരുന്നു.
