തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി ഒന്നുമുതൽ പരിഷ്കരിക്കാൻ ധാരണയായതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
പ്രതിമാസം 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനു മുകളിൽ അടിസ്ഥാന കമ്മീഷൻ 21,000 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്കരിക്കാൻ തീരുമാനമായി.
അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി വർധിപ്പിച്ചു.
പരിഷ്കരിച്ച പാക്കേജു പ്രകാരം നിലവിൽ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി വർധിപ്പിച്ചു. കൂടാതെ അധിക കമ്മീഷൻ 180 രൂപ എന്നുള്ളത് 270 രൂപയായും വർധിപ്പിച്ചു.വളരെ കാലമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് നടപ്പിലാക്കിയ സർക്കാരിന് എല്ലാ സംഘടനകളും അഭിനന്ദനം അറിയിച്ചു. പാക്കേജ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ പങ്കെടുത്തവർ
യോഗത്തിൽ, വിവിധ സംഘടനകളെ പ്രതിനിധികരിച്ച്, അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ, ജി. ശശിധരൻ, അഡ്വ. ജോണി നെല്ലൂർ, ടി മുഹമ്മദാലി, അഡ്വ. ജി. കൃഷ്ണപ്രസാദ്, സുരേഷ് കാരേറ്റ്, കെ.ബി. ബിജു, വി. അജിത് കുമാർ, അഡ്വ. ആർ. സജിലാൽ, പ്രിയൻ കുമാർ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ കെ., റേഷനിംഗ് കൺട്രോളർ മോഹൻ കുമാർ, ഭക്ഷ്യ-ധന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
