ബംഗുളുരു: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഗൃഹനാഥൻ മരിച്ചു. കർണടകയിലെ ബിദർ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു സംഭവം.സഞ്ജു കുമാർ ഹൊസമാണി(48) ആണ് മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സഞ്ജു, മകളെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് രക്തം വാർന്നാണ് മരിച്ചത്.
ആംബുലൻസ് എത്തിയപ്പോഴേക്കും സഞ്ജു കുമാർ മരിച്ചു.
സംഭവം കണ്ട ഒരു വഴിയാത്രക്കാരൻ സഞ്ജു കുമാറിന്റെ മുറിവിൽ തുണി അമർത്തി രക്തസ്രാവം തടയാൻ ശ്രമിച്ചു. തുടർന്ന് ആംബുലൻസ് വിളിച്ചു. എന്നാൽ വാഹനം എത്തിയപ്പോഴേക്കും സഞ്ജു കുമാർ മരിച്ചു.ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ ഹൊസാമണി രക്ഷപ്പെട്ടേനെയെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പട്ടം പറത്തുന്ന നൈലോൺ ചരടുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും അപകട സ്ഥലത്ത് പ്രതിഷേധിച്ചു. സംഭവത്തിൽ മന്ന എഖെല്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
