ന്യൂഡൽഹി: കൊൽക്കത്തയിൽ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ തലവൻ പ്രതീക് ജെയിനിന്റെ ഓഫീസ്, വസതി എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉപരോധം തീർത്തു. തിരഞ്ഞെടുപ്പ് വിവരങ്ങൾ ചോർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
അമിത് ഷാ ഇഡിയെ കൊള്ളക്കാരായി ഉപയോഗിക്കുന്നു
പ്രതിഷേധത്തിനിടെ ടിഎംസി എംപി മഹുവ മൊയ്ത്രയെ വനിതാ പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. “നാണക്കേട്” എന്ന് വിളിച്ച് പോലീസ് നടപടിയെ അപലപിച്ച മൊയ്ത്ര, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തങ്ങൾ തന്നെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വിവരങ്ങൾ ചോർത്താൻ അമിത് ഷാ ഇഡിയെ കൊള്ളക്കാരായി ഉപയോഗിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. മഹുവയ്ക്കൊപ്പം ടിഎംസി എം.പി ഡെറക് ഒബ്രിയാനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥാനാർത്ഥികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്കുകളും രേഖകളും പിടിച്ചെടുക്കാനാണ് റെയ്ഡ് നടത്തിയതെന്നും മുഖ്യമന്ത്രി മമതാ ബാനർജി.
പ്രതീക ജെയിൻ തൃണമൂൽ കോൺഗ്രസിന്റെ ഐടി സെൽ മേധാവി ആണെന്നും, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളും രേഖകളും പിടിച്ചെടുക്കാനാണ് റെയ്ഡ് നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. റെയ്ഡ് നടന്നുകൊണ്ടിരിക്കെ പ്രതീക ജെയിന്ന്റെ വസതിയിൽ നേരിട്ടെത്തിയ മമത ബാനർജി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത തന്റെ പാർട്ടിയുടെ രേഖകളും ഹാർഡ് ഡിസ്ക്കുകളും തിരികെ വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
