മംഗലംഡാം: കുഞ്ചിയാർപ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുവതി മല്ലിക (35)യ്ക്കു സാരമായ പരിക്കേറ്റു. കുഞ്ചിയാർപതി പപ്പടപ്പാറ വനമേഖലയിലാണ് 2026 ജനുവരി 6 ചൊവ്വാഴ്ച വൈകുന്നേരം കാട്ടാന ആക്രമണമുണ്ടായത്. വനത്തിനുസമീപം ഫയർലൈൻ പണി നടത്തുന്നതിനിടെ മല്ലികയുടെ നേരേ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് അടിയേറ്റ മല്ലിക സമീപത്തെ കുഴിയിലേക്കു വീണു. ഇതോടെ ആന പിന്തിരിയുകയായിരുന്നു. പരിക്കേറ്റ മല്ലികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുമ്പും ഈ മേഖലയിൽ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്കു പരിക്കേറ്റിരുന്നു.
ആറുമാസംമുമ്പും ഈ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഇതരസംസ്ഥാനതൊഴിലാളികളായ മൂന്നുപേർക്കു പരിക്കേറ്റിരുന്നു. ഇതിനിടെ കിഴക്കഞ്ചേരി പനംകുറ്റി പോത്തുചാടി ഭാഗത്തും കാട്ടാനയിറങ്ങി.പ്രദേശത്തെ പൈനാപ്പിൾ തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
