കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും ചികിത്സയൊരുക്കി എറണാകുളം വിപിഎസ് ലേക്ഷോറിലെ മെഡിക്കൽ ടീം.പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് യാത്ര തിരിച്ച കണ്ണൂര്‍ സ്വദേശിനിയായ 21 കാരിക്കും ആണ്‍കുഞ്ഞിനുമാണ് ലേക് ഷോർ മെഡിക്കൽ ടീം രക്ഷകരായത്. ജനുവരി 4 ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.
യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമായിരുന്നില്ല
യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാര്‍ നിര്‍ത്തുമ്പോള്‍തന്നെ അത്യാഹിത വിഭാഗത്തിലെ ഡോ. ആദില്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്കെത്തി. യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമല്ലെന്ന് വ്യക്തമായതോടെ കാറിനുള്ളില്‍തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
ജനുവരി 22നാണ് യുവതിക്ക് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് തലശേരിയില്‍നിന്നു കുടുംബം കഴിഞ്ഞ ദിവസം അരൂരില്‍ എത്തിയത്. ജനുവരി 22നാണ് യുവതിക്ക് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ(04.01.2026) പുലര്‍ച്ചെ മൂന്നോടെ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ അരൂരിലെ ഒരു ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു.
കുഞ്ഞ് എന്‍ഐസിയുവില്‍ നിരീക്ഷണത്തിലാണ്
മരുന്നുകള്‍ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ടോടെ വേദന വീണ്ടും ശക്തമായതോടെ ലേക്ഷോറിലേക്ക് എത്തുകയായിരുന്നു. പ്രസവശേഷം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പ്രസവാനന്തര പരിചരണത്തിലാണ്. കുഞ്ഞ് എന്‍ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇരുവരും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
