അഞ്ചൽ (കൊല്ലം): പതിമ്മൂന്നുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചു. കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുമുണ്ട്. അമ്മയുടെ സുഹൃത്ത് കോട്ടയം വട്ടുകുളം കല്ലൂപ്പറമ്പിൽ വിപിനെ(33) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയുംകൂട്ടി മുത്തച്ഛൻ കുട്ടിയുടെ അമ്മ സൗമ്യ താമസിക്കുന്ന ഏരൂർ കരിമ്പിൻകോണത്തെ വീട്ടിൽ എത്തിയതായിരുന്നു. അവിടെവെച്ച് വിപിനും സൗമ്യയും ചേർന്ന് കുട്ടിയെയും മുത്തച്ഛനെയും മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.മുത്തച്ഛന് നിസ്സാര പരിക്കുണ്ട്. മർദനമേറ്റ കുട്ടിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ ഏരൂർ പോലീസ് വിപിനെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ മർദിച്ചതിന് സൗമ്യയുടെപേരിൽ കേസെടുത്തു.
