കണ്ണൂര്‍ | പിണറായിയില്‍ ഉണ്ടായത് ബോംബ് സ്ഫോടനം അല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പൊട്ടിയത് ബോംബെന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കം ആണ് അപകടം ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പടക്കത്തിന്റെ കെട്ട് അല്‍പ്പം മുറുകിപ്പോയാല്‍ സ്ഫോടനം ഉണ്ടാകും. അതാണ് അവിടെ സംഭവിച്ചതെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു .അത്തരത്തിലുള്ള സ്ഫോടനത്തെ ബോംബ് സ്ഫോടനമായും അക്രമോത്സുകമായ തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് ദയവുചെയ്ത് സമാധാനാന്തരീക്ഷത്തെ ആരും തകര്‍ക്കരുതെന്ന് ഇപി പറഞ്ഞു.
തങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണ്.
ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് അയ്യപ്പ പാരഡി ഗാന വിവാദത്തോട് ഇപി പ്രതികരിച്ചു. പാരഡി ഗാനം ജനങ്ങളെ സ്വാധീനിച്ചില്ല. ആ പാട്ട് താന്‍ കേട്ടിട്ടുമില്ല. പോലീസില്‍ പരാതി പോയിട്ടുണ്ട്. ഇനി പൊലീസ് തീരുമാനിക്കട്ടെ. തങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചത് തിരിച്ചടിയായി എന്ന വാദം ബാലിശമാണ്. ആരെങ്കിലും വന്നതുകൊണ്ടും പോയതുകൊണ്ടും വോട്ടുകള്‍ നഷ്ടപ്പെടില്ലെന്നും ഇ പി പറഞ്ഞു.
