ന്യൂഡൽഹി: സെൻസസ് നടപടികൾക്കുവേണ്ടിയുള്ള വിവരശേഖരണ പ്രക്രിയയ്ക്കായി 2026 ജനുവരി 15നകം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നിർദേശം നൽകി. “ജനസംഖ്യാ കണക്കെടുപ്പിന് എന്യുമറേറ്റർമാരെയും, മേൽനോട്ടത്തിനായി സൂപ്പർവൈസർമാരെയും നിയമിക്കണമെന്നാണ് ആർജിഐയുടെ സർക്കുലറിൽ പറയുന്നത്. 700 മുതൽ 800 വരെ ജനസംഖ്യക്കായി ഒരു എന്യുമറേറ്ററെയും ആറ് എന്യുമറേറ്റർമാരുടെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ഒരു സൂപ്പർവൈസറെയും നിയമിക്കാനാണു നിർദേശം. അടിയന്തര സാഹചര്യങ്ങൾക്കായി പത്തു ശതമാനം അധിക എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.അധ്യാപകരെയും ക്ലർക്കുമാരെയും , സംസ്ഥാന സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥനെയും എന്യൂമറേറ്ററായി നിയമിക്കാമെന്ന് ആർജിഐ
1990ലെ സെൻസസ് നിയമങ്ങളുടെ റൂൾ 3 അനുസരിച്ച് അധ്യാപകരെയും ക്ലർക്കുമാരെയും ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥനെയും എന്യൂമറേറ്ററായി നിയമിക്കാമെന്ന് ആർജിഐ വ്യക്തമാക്കി.എന്യുമറേറ്ററേക്കാൾ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും സൂപ്പർവൈസർ. വരുന്ന സെൻസസ് നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കുന്നതിന് 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് ഫീൽഡുകളിൽ വിന്യസിക്കുക.
ആദ്യഘട്ടം 2026 ഏപ്രിൽ മുതലും രണ്ടാംഘട്ടം 2027 ഫെബ്രുവരിയിലും ആരംഭിക്കും
രണ്ടു ഘട്ടമായി നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടം അടുത്ത വർഷം ഏപ്രിൽ മുതലും രണ്ടാംഘട്ടം 2027 ഫെബ്രുവരിയിലുമാണ് ആരംഭിക്കുക.15 വർഷത്തിനുശേഷം രാജ്യത്തു നടക്കുന്ന സെൻസസ് നടപടികളുടെ ചോദ്യാവലി തയാറാക്കുന്നതിന്റെ അവസാനഘട്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു
