._
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാര്‍, ഏകദേശം 12 ദിവസത്തോളം ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു എന്ന് വിവരം. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമര്‍ നബി, ആക്രമണം നടന്ന നവംബര്‍ 10-ന് രാവിലെ പരിഭ്രാന്തനായി കോളേജ് കാമ്പസില്‍ നിന്ന് കാര്‍ പുറത്തേക്ക് ഓടിച്ചുപോയെന്ന് അന്വേഷണോദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഫരീദാബാദിലെ കാര്‍ ഡീലറായ സോനുവില്‍ നിന്നാണ് ഡോ. ഉമര്‍ നബി കാർ വാങ്ങിയത്.
ഡോ. ഉമര്‍ നബി ഒക്ടോബര്‍ 29-ന് ഫരീദാബാദിലെ കാര്‍ ഡീലറായ സോനുവില്‍ നിന്നാണ് കാര്‍ വാങ്ങിയത്. അതേ ദിവസം തന്നെ പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റിനായി കാര്‍ കൊണ്ടുപോയിരുന്നു. സോനുവിന്റെ ഓഫീസായ റോയല്‍ കാര്‍ സോണിന് സമീപമുള്ള പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ ബൂത്തിനരികില്‍ HR 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഡോ. ഷക്കീലിന്റെ കാര്‍ ഡോ. ഷഹീന്‍ സയീദിന്റെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്
അവിടെ നിന്ന് നബി കാര്‍ അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നവംബർ 10 തിങ്കളാഴ്ച അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെസ്വിഫ്റ്റ് ഡിസയര്‍ കാറിനടുത്തായാണ് ഈ കാറും പാര്‍ക്ക് ചെയ്തിരുന്നത്. ഡോ. ഷക്കീലിന്റെ കാര്‍ ഡോ. ഷഹീന്‍ സയീദിന്റെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരുടെ കാറില്‍ നിന്നാണ് എകെ റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തത്.
.പരിഭ്രാന്തനായി ഡോ. ഉമര്‍ നബി
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ കാര്‍ അവിടെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. തന്റെ അടുത്ത സഹായികളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരുടെ അറസ്റ്റിനെ തുടര്‍ന്ന് നബി പരിഭ്രാന്തനായതോടെയാണ് കാര്‍ അവിടെനിന്ന് മാറ്റിയതെന്നാണ് കരുതുന്നത്. പിന്നീട്, ചാന്ദ്നി ചൗക്കിലെ സുനേരി മസ്ജിദ് പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തുന്നതിന് മുന്‍പായി വാഹനം കൊണാട്ട് പ്ലേസിലും മയൂര്‍ വിഹാറിലും കണ്ടിരുന്നു.
കാര്‍ ഓടിച്ചിരുന്നത് എന്ന് കരുതുന്ന നബി, ഒരു നിമിഷം പോലും കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
ഉച്ചകഴിഞ്ഞ് 3:19-ന് കാര്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചാവേറെന്ന് സംശയിക്കുന്നയാളുടെ കൈ ജനലില്‍ വെച്ചിരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. വൈകുന്നേരം 6:30 വരെ വാഹനം പാര്‍ക്കിംഗില്‍ നിന്ന് പുറത്തുപോയില്ല. കാര്‍ ഓടിച്ചിരുന്നത് എന്ന് കരുതുന്ന നബി, ഒരു നിമിഷം പോലും കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നുമില്ല.
