മലയിൻകീഴ്: വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പടവൻകോട് ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം പടവൻകോട് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർത്ഥിയെ തെരുവുനായ കടിച്ച് മുറിവേല്പിച്ചതാണ് ഒടുവിലത്തെ സംഭവം.കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ വഴിയാത്രക്കാരെയും വീടിന് മുന്നില്‍ നില്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ തെരുവുനായ കടിച്ച് പരിക്കേല്പിച്ചത് അടുത്തിടെയാണ്.സ്കൂട്ടറർ മറിഞ്ഞ് യുവതിയുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി പ്രദേശവാസികൾ
പഞ്ചായത്ത് അധികൃതർക്ക് പടവൻകോട് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. വിളപ്പില്‍ശാലജംഗ്ഷൻ, വടക്കേജംഗ്ഷൻ ,ചെറുകോട്, പുളിയറക്കോണം, കാവിൻപുറം,വെള്ളൈക്കടവ്, കരുവിലാഞ്ചി,നൂലിയോട്, മുളയറ,ചൊവ്വള്ളൂർ എന്നീ പ്രദേശങ്ങളിലും വിളപ്പില്‍ശാല സർക്കാർ ആശുപത്രിയ്ക്ക് മുന്നിലും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്. വർദ്ധിച്ചുവരുന്ന തെരുവുനായശല്യത്തിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി യുണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരം ചെയ്യാനൊരുങ്ങുകയാണ് പടവൻകോട് നിവാസികള്‍
