കിളിമാനൂർ: തകർച്ചയുടെ വക്കിൽ ഒരു എക്സൈസ് ഓഫീസ്. കാലപ്പഴക്കം കൊണ്ട് നിലം പതിച്ചേക്കാമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടം, ഇരുട്ട് നിറഞ്ഞ മുറികള്‍, പൊളിഞ്ഞ മേല്‍ക്കൂര, കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങള്‍. പരിമിതിയില്‍ നിറഞ്ഞ കിളിമാനൂർ എക്സൈസ് ഓഫീസിന്റെ അവസ്ഥയാണിത്. 30 വർഷത്തിനപ്പുറം പഴക്കമുള്ള കെട്ടിടം മേല്‍ക്കൂര ഓട് പാകിയിട്ടുണ്ടെങ്കിലും കാലപ്പഴക്കവും മരത്തിന്റെ ചില്ലകളും മറ്റും വീണ് ഭൂരിഭാഗം ഓടുകളും തകർന്നു.
എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.
മഴ പെയ്താല്‍ സ്റ്റേഷൻ ചോരുന്ന അവസ്ഥയുമുണ്ട്. ഓട് മാറ്റാൻ സാധിക്കാതെ വന്നപ്പോള്‍ സീലിംഗ് സ്ഥാപിച്ച് ചോർച്ച തത്കാലം പരിഹരിച്ചെങ്കിലും വലിയ മഴ പെയ്താല്‍ കെട്ടിടം ചോരും. ഭിത്തികളില്‍ വിള്ളല്‍ വീണു.സ്റ്റേഷന്റെ വയറിംഗ് സംവിധാനമുള്‍പ്പെടെ ദ്രവിച്ച നിലയിലാണ്.എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. പഴയ കെട്ടിടമായതിനാല്‍ ഉദ്യോഗസ്ഥർക്ക് പ്രത്യേക മുറികളുമില്ല.
സൗകര്യങ്ങളുള്ള ഒരു കെട്ടിടം എക്സൈസുകാർക്ക് ഇന്നും സ്വപ്നം മാത്രം.
. മുൻപ് സമീപത്ത് പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫീസുമൊക്കെ സ്മാർട്ട് കെട്ടിടത്തിലേക്ക് മാറിയെങ്കിലും സൗകര്യമുള്ള ഒരു കെട്ടിടം എന്നുള്ളത് എക്സൈസുകാർക്ക് ഇന്നും സ്വപ്നമാണ്. പുതിയകാവ് പബ്ലിക്ക് മാർക്കറ്റിന് സമീപത്തായാണ് എക്സൈസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്നുള്ള രൂക്ഷഗന്ധവും മാലിന്യങ്ങളും ഉദ്യോഗസ്ഥർക്ക് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.
സ്ഥലപരിമിതിയില്‍ വീർപ്പുമുട്ടുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ വാഹനം പോലും പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. വനിതാ ഓഫീസർമാർ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഇവിടെ ആധുനിക രീതിയിലുള്ള ഒരു കെട്ടിടം വേണമെന്നാണ് ആവശ്യം
