തിരുവല്ലം: മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലിൽ നിന്ന് കണ്ടെത്തി. പാച്ചല്ലൂർ കൂനംതുരുത്തി വീട്ടിൽ സി. നാഗപ്പൻ(66) ആണ് മരിച്ചത്. ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ സമുദ്ര ബീച്ച് ഭാഗത്തേക്ക് മീൻ പിടിക്കാൻ പോയ നാഗപ്പൻ സമയം ഏറെ വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ തിരുവല്ലം പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാവിലെ പനത്തുറ ഭാഗത്തെ പാർവ്വതി പുത്തനാറിൽ വിഴിഞ്ഞം അഗ്നിരക്ഷാസേന പരിശോധന നടത്തി.
പാറകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നീട് വടംകെട്ടി പനത്തുറ മുസ്ലീംപളളിക്ക് സമീപം നടത്തിയ തിരച്ചിലിലാണ് പാറകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
സേനാംഗംമായ സന്തോഷ് കുമാർ, പ്രദേശവാസിയായ പ്രഹ്‌ളാദൻ എന്നിവരാണ് വടംക്കെട്ടി കടലിൽ ഇറങ്ങിയത്. വിഴിഞ്ഞം അഗ്നിരക്ഷാസേനയിലെ എസ്.ടി.ഒ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തിട്ടുണ്ട്. സേനാംഗങ്ങളായ സനു, അജയ് സിങ്, സാജൻ, രെഹിൽ, ബിനു, തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ്, കൗൺസിലർ പനത്തുറ പി.ബൈജു എന്നിവരും നാട്ടുകാരും കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ് സംഘം തുടങ്ങിയവർ തിരിച്ചലിൽ പങ്കെടുത്തു
