തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് സി.വി.ധനരാജ് വധക്കേസിലെ പ്രതികളുടെ ചിത്രം കോടതി നടപടികള്‍ക്കിടയില്‍ പകര്‍ത്തിയതിന് പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്സൺ കെ.പി.ജ്യോതിക്കെതിരെ നടപടി. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോടതി വരാന്തയില്‍ നിന്ന് ജനല്‍ ചില്ലുകള്‍ക്കിടയിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ച ഉടനെ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ജ്യോതിയെ വിളിച്ച് വരുത്തി മജിസ്ട്രേട്ട് വിശദീകരണം ചോദിച്ചു
തളിപ്പറമ്പ് അഡീഷ്ണണല് ജില്ലാ ജഡ്ജി കെ.എന്‍.പ്രശാന്താണ് നടപടിയെടുക്കാന്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനോടാവശ്യപ്പെട്ടത്. പോലീസ് ഉടന്‍ മൊബൈല്‍ ഫോണ്‍ കസ്റ്ററ്റഡിയിലെടുത്തു. ജ്യോതിയെ വിളിച്ച് വരുത്തി മജിസ്ട്രേട്ട് വിശദീകരണം ചോദിച്ചു. ഫോട്ടോ എടുത്തില്ലെന്നായി മറുപടി. നേരിട്ട് കണ്ടതാണെന്ന് മജിസ്ട്രേട്ട് പറഞ്ഞു. കോടതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.
ആ സമയം ആര്.എസ്.എസ്- ബി.ജെ.പി.പ്രവര്‍ത്തകരായ 19 പ്രതികള്‍ കോടതിക്കുള്ളിലുണ്ടായിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യ എം.പി.സജിനി പ്രതികളെ തിരിച്ചറിയുന്നതിനിടയിലാണ് ചിത്രമെടുത്തത്.
