ലഖ്‌നൗ: ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിനെ അക്രമവുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ 47-ാമത് ബിരുദദാനച്ചടങ്ങിനിടെയായിരുന്നു അവരുടെ വാക്കുകള്‍.
ആനന്ദി ബെന്നിന്റെ വാക്കുകള്‍.
എനിക്ക് പെണ്‍കുട്ടികളോട് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇന്നത്തെക്കാലത്ത് ഒരു ട്രെന്‍ഡ് ആയി മാറിയികിരിക്കുകയാണ്. പക്ഷേ, അതില്‍നിന്ന് അകലം പാലിക്കണം. അല്ലാത്തപക്ഷം, നിങ്ങള്‍ കണ്ടിട്ടുണ്ടാകും സ്ത്രീകള്‍ അമ്പതുകഷണങ്ങളായി വെട്ടിമുറിക്കപ്പെടുന്നത്, എന്നായിരുന്നു ആനന്ദി ബെന്നിന്റെ വാക്കുകള്‍.
അതെന്നെ വേദനിപ്പിച്ചു,
ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളിലെ അക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ തനിക്ക് ദുഃഖമുണ്ടെന്നും ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുകയാണ്. എന്തുകൊണ്ടാണ് നമ്മുടെ പെണ്‍മക്കള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു. അതെന്നെ വേദനിപ്പിച്ചു, അവര്‍ പറഞ്ഞു
ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് ആനന്ദിബെന്‍ മുമ്പും പറഞ്ഞിരുന്നു.
ഇതാദ്യമായല്ല ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് ആനന്ദിബെന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദത്തിന് തിരികൊളുത്തുന്നത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളുടെ പ്രത്യാഘാതം മനസ്സിലാക്കാന്‍ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ മതിയെന്നും 15-20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ ഒരുവയസ്സു പ്രായമായ കുഞ്ഞുങ്ങളുമായി അവിടെ വരിനില്‍ക്കുന്നത് കാണാന്‍ കഴിയും എന്ന് കഴിഞ്ഞദിവസം അവര്‍ പറഞ്ഞിരുന്നു. രണ്ടുദിവസം മുന്‍പ് ബലിയയിലെ ജനനായക് ചന്ദ്രശേഖര്‍ സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങിനിടെ ആയിരുന്നു ആനന്ദി ബെന്‍ പട്ടേല്‍ ഇങ്ങനെ പറഞ്ഞത്.
