ഗുരുഗ്രാം: ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അജയ്കുമാര്‍, ഭാര്യ പശ്ചിമബംഗാള്‍ സ്വദേശി സ്വീറ്റി ശര്‍മ എന്നിവരെയാണ് സെക്ടര്‍ 37-ലെ മില്ലേനിയ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടത്. സെപ്തംബർ 28 ഞായറാഴ്ച വൈകീട്ടാണ് ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്‌തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു..
സംഭവദിവസം അജയ്കുമാര്‍ സുഹൃത്തുക്കള്‍ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. താന്‍ സ്വീറ്റിയെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോവുകയാണെന്നുമാണ് വീഡിയോയില്‍ അജയ്കുമാര്‍ പറഞ്ഞിരുന്നത്. സന്ദേശം കിട്ടിയ സുഹൃത്തുക്കള്‍ ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചു. ഡല്‍ഹിയിലുള്ള ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും ഫ്‌ളാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്.
പ്രണയത്തിനൊടുവില്‍ 2023-ലായിരുന്നു ഇവരുടെ വിവാഹം,
അജയ്കുമാറും സ്വീറ്റിയും ഗുരുഗ്രാമിലെ ഐടി ജീവനക്കാരാണ്. നേരത്തേ ഒരേ കമ്പനിയിലാണ് ഇരുവരും ജോലിചെയ്തിരുന്നത്. 2023-ലായിരുന്നു ഇവരുടെ വിവാഹം, പ്രണയവിവാഹമായിരുന്നു. പിന്നീട് ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷത്തോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. അടുത്തിടെയാണ് വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
