കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ വിദ്യാർത്ഥി ആത്മഹത്യാ നിരക്കിൽ 65 ശതമാനത്തോളം വർദ്ധന. 2013-ൽ 8,423 ആയിരുന്ന വിദ്യാർഥി ആത്മഹത്യകളുടെ എണ്ണം 2023-ൽ 13,892 ആയി ഉയർന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർധന ഇതേ കാലയളവിലെ മൊത്തം ആത്മഹത്യകളിലെ വർദ്ധനയെക്കാൾ കൂടുതലാണ് എന്നതാണ് ശ്രദ്ധേയമായ കണ്ടെത്തൽ. 2013-നെ അപേക്ഷിച്ച് മൊത്തം ആത്മഹത്യകളിൽ 2023-ൽ 27 ശതമാനം വർദ്ധനയുണ്ടായത് (2013-ൽ 1.35 ലക്ഷം ആയിരുന്നത് 2023-ൽ 1.71 ലക്ഷമായി ഉയർന്നു).
പ്രധാന കണക്കുകൾ:
* 2023-ൽ രാജ്യത്തെ മൊത്തം ആത്മഹത്യകളിൽ വിദ്യാർത്ഥി ആത്മഹത്യകൾ 8.1 ശതമാനമായിരുന്നു. ഒരു ദശാബ്ദം മുമ്പ് ഇത് 6.2 ശതമാനം ആയിരുന്നു.
* 2019-മായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ വിദ്യാർത്ഥി ആത്മഹത്യകളിൽ 34 ശതമാനം വർദ്ധനയുണ്ടായി.
* 2019-ലെ 1.39 ലക്ഷം മൊത്തം ആത്മഹത്യകളുമായി താരതമ്യം ചെയ്യുമ്പോൾ, 2023-ലെ കണക്ക് 23 ശതമാനം വർദ്ധന കാണിക്കുന്നു.
2023-ലെ മൊത്തം ആത്മഹത്യകളിൽ ഭൂരിഭാഗവും ദിവസ വേതനക്കാർക്കാണ്. ദിവസ വേതനക്കാർ 27.5 ശതമാനം, വീട്ടമ്മമാർ 14 ശതമാനം, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ 11.8 ശതമാനം എന്നിങ്ങനെയാണ് ആത്മഹത്യകളുടെ നിരക്ക്.
