ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ (ഡിഎ) മൂന്ന് ശതമാനം വർധന പ്രഖ്യാപിച്ചു. ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർധന നിലവിൽ വരും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഈ വർഷത്തെ രണ്ടാമത്തെ വർധനയാണ് ഇത്. മാർച്ചിൽ രണ്ട് ശതമാനം വർധന പ്രഖ്യാപിച്ചതോടെ ഡിഎ, അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലെ മൂന്ന് ശതമാനം വർധന നടപ്പിലാക്കി നാല് മാസത്തിന് ശേഷമായിരുന്നു വീണ്ടും വർധിപ്പിച്ചത്.
ഉപഭോക്തൃ വില സൂചിക (സിപിഐ) യിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ വർധന
ക്ഷാമബത്തയുടെ അർധവാർഷിക പുനരവലോകനങ്ങൾക്ക് അടിസ്ഥാനമാകുന്ന, തൊഴിലാളികൾക്കായുള്ള ഉപഭോക്തൃ വില സൂചിക (സിപിഐ) യിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ വർധന എന്നാണ് വിലയിരുത്തൽ. നിർദിഷ്ട വർധന പ്രകാരം, 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്, മാർച്ചിലെ വർധനയ്ക്കുശേഷം ലഭിച്ചിരുന്ന 33,000 രൂപയ്ക്ക് പകരം 34,800 രൂപ ഡിഎ ആയി ലഭിക്കും.
ശമ്പളത്തിലും അലവൻസുകളിലുമുള്ള തുടർ പരിഷ്കരണങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മിഷൻ തീരുമാനിക്കും. ഫിറ്റ്മെൻ്റ് ഫാക്ടർ ആശ്രയിച്ചായിരിക്കും ശമ്പള വർധന ഉണ്ടാകുക. ഏകദേശം 13 മുതൽ 34 ശതമാനം വരെ വർധന ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
