പല കാര്യങ്ങളാൽ ജീവിതശൈലീരോഗങ്ങളുടെ പിടിയിൽ നേരത്തേ അകപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ ചെയ്യുന്നവരിലും കൊഴുപ്പ് കൂടിയ ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ, ദിവസവും അൽപനേരം നടക്കാൻ തീരുമാനിക്കുന്നത് ഇക്കാര്യത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
5,000 മുതൽ 7,000 ചുവടുകൾ വരെ നടക്കുന്നത് ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.
ദിവസവും 5,000 മുതൽ 7,000 ചുവടുകൾ വരെ നടക്കുന്നത് ഒരാളുടെ ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ‘ദി ലാൻസെറ്റ് പബ്ലിക് ഹെൽത്തി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും ഏകദേശം 7,000 ചുവടുകൾ നടക്കുന്നത് അകാലമരണത്തിനുള്ള സാധ്യത 47 ശതമാനം വരെ ഗണ്യമായി കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. സിഡ്‌നി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1,60,000-ൽ അധികം മുതിർന്നവരെ ഉൾപ്പെടുത്തിയ 57 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഇവർ പരിഗണിച്ചത്. ദിവസവും വെറും 7,000 ചുവടുകൾ നടക്കുന്നത് വീഴ്ചകൾ (28%), ഡിമെൻഷ്യ (38%), വിഷാദരോഗം (22%), അർബുദം (6%), ഹൃദയസംബന്ധമായ രോഗങ്ങൾ (25%) പോലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ നിന്ന് വ്യക്തമാകുന്നു.
ദിവസവും 2,000 ചുവടുകൾ വെക്കുന്നത് പോലും ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തിയേക്കാമെന്ന് പഠനം പറയുന്നു.
തീരെ വ്യായാമമില്ലാതെ ഇരിക്കുന്നതിലും നല്ലതാണ് ചെറിയ തോതിലെങ്കിലും വ്യായാമം ചെയ്യുന്നത് എന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ദിവസവും 2,000 ചുവടുകൾ വെക്കുന്നത് പോലും ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തിയേക്കാമെന്ന് പഠനം പറയുന്നു. അധികമായി വയ്ക്കുന്ന ഓരോ 1,000 ചുവടുകൾക്കും അതിൻ്റേതായ പ്രയോജനമുണ്ട്. ദിവസം 4,000 ചുവടുകൾ വയ്ക്കുന്നതുപോലും രോഗ സധ്യത കുറയ്ക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
