ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ ഉപരാഷ്ട്രപതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് സംജാതമായത്. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറല്‍ കോളേജ് രൂപവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് റിട്ടേണിങ് ഓഫീസര്‍മാരെ തീരുമാനിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കും.
രാംനാഥ് ഠാക്കൂറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
ആരാകും ധന്‍കറിന്റെ പിന്‍ഗാമിയാകുക എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ച ദേശീയരാഷ്ട്രീയത്തില്‍ ചൂടുപിടിക്കുകയാണ്. പിന്നാക്കവിഭാഗത്തില്‍ നിന്നുള്ള ഒരാളെയാകും എന്‍ഡിഎ പരിഗണിക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രിയും എന്‍ഡിഎയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
