പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ

പത്തനംതിട്ട | കോന്നി, റാന്നി മേഖലയിലടക്കം പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറി ദുരന്തവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ചെങ്കളം ക്വാറി നിയമവിരുദ്ധമായാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കും.

ക്വാറിയുടെ ഉടമയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണം.

നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കൂ. റവന്യൂ ഭൂമി കയ്യേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയുടെ ഉടമയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാന്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എ പൊലിസിനോട് ആവശ്യപ്പെട്ടു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എം എല്‍ എയുടെ നിര്‍ദേശം..

ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും

പാറമടയ്‌ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞാല്‍ പൊലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും. ഉരുള്‍പൊട്ടല്‍ മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന വാദവും പരിശോധിക്കുമെന്നും എം എല്‍ എ പറഞ്ഞു..

അടൂര്‍ ആര്‍ ഡി ഒ എം ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, കോന്നി ഡിവൈ എസ് പി ജി അജയ്‌നാഥ് പങ്കെടുത്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →