ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം | ജപ്തിനടപടി ഒഴിവാക്കിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ തൃശ്ശൂര്‍ പേരില്‍ച്ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ് ബാബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

സുരേഷ്ബാബുവിന്റെ ഭാര്യ വി പി നുസ്രത്ത്, ഡോക്ടര്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ
..
കേസില്‍ സുരേഷ്ബാബുവിന്റെ ഭാര്യ തൃശ്ശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍, കൊപ്പുള്ളി ഹൗസില്‍ വി പി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശക്തികുളങ്ങര ജയശങ്കറില്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. 2023ലെ സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരി 15-ന് കൊല്ലം ഈസ്റ്റ് പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കൊല്ലത്തെ എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ അബ്ദുള്‍ സലാം നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.അബ്ദുള്‍ സലാം ബിസിനസ് ആവശ്യത്തിലേക്കായി കൊല്ലത്തും പാരിപ്പള്ളിയിലുമുള്ള ബാങ്കില്‍നിന്ന് 49.25 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് ലോണായി എടുത്തിരുന്നു. കോവിഡ് കാലത്ത് തുക തിരിച്ചടയ്ക്കാന്‍ പറ്റാതായി. ജപ്തി നടപടികള്‍ തുടങ്ങിയതോടെ സുഹൃത്തും മൂന്നാംപ്രതിയുമായ ഡോ. ബാലചന്ദ്രക്കുറുപ്പ് സുരേഷ്ബാബുവിനെ പരിചയപ്പെടുത്തിക്കൊടുത്തു. 52 കോടി രൂപയുടെ ബാധ്യത 25 കോടിയാക്കി കുറച്ചുകൊടുക്കാമെന്ന് ഇവര്‍ വാഗ്ദാനംചെയ്തു. ബേങ്കില്‍ മുന്‍കൂര്‍ അടയ്ക്കാനാണെന്നു പറഞ്ഞ് 2.51 കോടി രൂപ വാങ്ങി വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി.

വധിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി

രണ്ടാംപ്രതിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്. കേസ് പരിഹരിക്കാതെവന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വധിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കിയതും ആഭ്യന്തരവകുപ്പ് നടപടിയെടുത്തതും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →