ന്യൂഡൽഹി: രാജ്യത്ത് സജീവ കോവിഡ് കേസുകൾ ഏഴായിരം കടന്നു. ജൂൺ 12 വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 7154 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയിൽ രണ്ട്, മധ്യപ്രദേശിൽ ഒന്ന് എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുളളത്.
ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിൽ
ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 2165 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോവിഡ് വ്യാപനത്തിന് പിന്നിൽ XFG എന്ന പുതിയ വകഭേദം
രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് പിന്നിൽ XFG എന്ന പുതിയ വകഭേദവും ഉണ്ടെന്ന് ഇൻസാകോഗ് (Indian SARS-CoV-2 Genomics Consortium) അടുത്തിടെ പുറത്തുവിട്ട പുതിയ ഡേറ്റയിൽ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
.
ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് XFG വകഭേദവുമെന്ന് ലാൻസെറ്റ് ജേർണലിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. LF.7, LP.8.1.2 എന്നീ വകഭേദങ്ങളിൽ നിന്നാണ് XFG ഉണ്ടായിരിക്കുന്നത്. വ്യാപനശേഷി കൂടുതലുള്ള ഈ വകഭേദത്തിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുമാവുമെന്ന് ലാൻസെറ്റ് പഠനത്തിലുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല
രാജ്യത്തെ നിലവിലെ രോഗവ്യാപനത്തിന് പിന്നിൽ ഒമിക്രോൺ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB. 1.8.1 എന്നിവയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആർ (Indian Council of Medical Research) ഡയറക്ടർ ജനറലായ ഡോ. രാജീവ് ഭെൽ നേരത്തേ വ്യക്തമാക്കിയിരുന്നു.
