ആലപ്പുഴ: ദമ്പതിമാർ ഹജ്ജിനു പോയതിനു പിന്നാലെ അടച്ചിട്ട വീട്ടിൽ മോഷണശ്രമം. മോഷ്ടാവ് അരിച്ചുപെറുക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയില്ല. അടുക്കളയിൽ പഴയ തുണിയിൽ 25 പവനോളം സ്വർണം വീട്ടുകാർ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നു. മോഷ്ടാവ് ഇതു കണ്ടില്ല.
ആലപ്പുഴ വലിയകുളം വെറ്റക്കാരൻ ജങ്ഷനിലെ വെസ്റ്റ് വിൻസ് വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുടമ അഡ്വ. മുജാഹിദും ഭാര്യ മുംതാസും മെയ് 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ഹജ്ജിനായി പുറപ്പെട്ടത്.
ജോലിക്കാരി വീടു വൃത്തിയാക്കാനെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നതു കണ്ടത്
വെള്ളിയാഴ്ച ഉച്ചയോടെ ജോലിക്കാരി വീടു വൃത്തിയാക്കാനെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നതു കണ്ടത്. കിടപ്പുമുറിയും സ്റ്റോറും ഉൾപ്പെടെ അഞ്ചു മുറികളുള്ള വീടിൻറെ രണ്ടു ഗേറ്റും പൂട്ടിയനിലയിലായിരുന്നു. തുടർന്ന്, സമീപത്തു താമസിക്കുന്ന വീട്ടുടമയുടെ ബന്ധുവിനെ അറിയിച്ചു. ഇവർ സൗത്ത് പോലീസിനെ അറിയിച്ചു. പോലീസും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി പ്രാഥമികപരിശോധന നടത്തി. മതിൽ ചാടിക്കടന്ന മോഷ്ടാവ് മുൻവാതിൽ തകർത്താണ് അകത്തുകടന്നത്.
രണ്ടു തുണികളായി പൊതിഞ്ഞ സ്വർണം ബന്ധുക്കൾ കണ്ടെത്തി
അലമാരയടക്കം കുത്തിത്തുറന്ന് തുണിത്തരങ്ങളും വസ്ത്രങ്ങളും പുറത്തിട്ടിരുന്നു..എന്നാൽ, അടുക്കളയോടു ചേർന്നുള്ള സ്റ്റോർ റൂമിൽ മാത്രം കയറിയില്ല. ഇവിടെയാണ് സ്വർണം സൂക്ഷിച്ചിരുന്നത്. മോഷണവിവരമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ രണ്ടു തുണികളായി പൊതിഞ്ഞ സ്വർണം കണ്ടെത്തി.പൈസയൊന്നും ഉടമസ്ഥർ വീട്ടിൽ സൂക്ഷിച്ചിരുന്നില്ലെന്നും വിലപിടിപ്പള്ള ഒന്നും നഷ്ടമായില്ലെന്നും സൗത്ത് പോലീസ് അറിയിച്ചു
