ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും പ്രതിപക്ഷവും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് ഐക്യത്തിന്റെ സമയമാണെന്നും സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സായുധസേനയില്‍ അഭിമാനിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പാകിസ്താനില്‍നിന്നും പാക് അധീന കശ്മീരില്‍നിന്നും ഉയര്‍ന്നുവരുന്ന എല്ലാത്തരം ഭീകരതകള്‍ക്കുമെതിരെ ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത നമ്മുടെ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ച് ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കുന്നതിന് കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം ഉറച്ചുനില്‍ക്കുകയാണ്. ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് ഈ സമയത്തെ ആവശ്യം, കോണ്‍ഗ്രസ് നമ്മുടെ സൈന്യത്തിനൊപ്പം നില്‍ക്കുന്നു. ദേശീയ താല്‍പ്പര്യമാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. മുന്‍കാലങ്ങളില്‍ നമ്മുടെ നേതാക്കള്‍ വഴികാണിച്ചു തന്നിട്ടുണ്ട്’, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു

കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.

ഏപ്രില്‍ 22 മുതല്‍ പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള രാജ്യത്തിന്റെ പ്രതികരണത്തില്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചുവരികയാണെന്ന് .കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു. സൈന്യത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഐക്യത്തിനും ഐക്യദാര്‍ഢ്യത്തിനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ്

ഇന്ത്യയും ഇന്ത്യക്കാരും ഇന്ത്യന്‍ സൈന്യവും ഒരിക്കലും ഭീകരത അനുവദിച്ചുകൊടുത്തിട്ടില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യന്‍ സൈന്യം എല്ലായ്പ്പോഴും സ്ത്രീകളുടെ ‘സിന്ദൂരം’ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനത സത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്നവരാണ്. ഞങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ മോശക്കാരാക്കാറില്ല. എന്നാല്‍, ആരെങ്കിലും നമുക്കെതിരെ തിരിഞ്ഞാല്‍ ഉചിതമായ മറുപടി എങ്ങനെ നല്‍കണമെന്ന് തങ്ങള്‍ക്കറിയാമെന്നും തേജസ്വി പറഞ്ഞു. സൈന്യത്തെ അഭിനന്ദിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി

പാകിസ്താനിലെ ഭീകരക്യാമ്പുകളില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെ സ്വാഗതം ചെയ്യുന്നുവെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്താനെ കഠിനമായ പാഠം പഠിപ്പിക്കണം. പാകിസ്താന്റെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →