കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി .പ്രതിഷേധത്തില്‍ 150 പേര്‍ അറസ്റ്റില്‍. കൂടുതല്‍ പേര്‍ അറസ്റ്റിലായ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.ബംഗാളിലെ ജനങ്ങളുടെ നേതാവാണ് മമത ബാനര്‍ജിയെന്നും ബംഗാള്‍ എങ്ങനെ ഭരിക്കണമെന്ന് അവര്‍ക്കറിയാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പ്രതികരിച്ചു. വഖഫ് ഭേദഗതിയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് അസാദുദ്ദീന്‍ ഒവൈസി എംപി
.ഭേദഗതിയുടെ പേരില്‍ ജനങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള രാഷ്ട്രീയനീക്കമാണ് നടക്കുന്നതെന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് നേതാവ് മഹ്‌മൂദ് മദനി പ്രതികരിച്ചു. വഖഫ് ഭേദഗതി നിയമത്തിന് എതിരായി ഹൈദരാബാദില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസാദുദ്ദീന്‍ ഒവൈസി അറിയിച്ചു.
400 ഓളംവരുന്ന ഹിന്ദുക്കള്‍ വീടുപേക്ഷിച്ചു പോകാൻ നിർബന്ധിതരായതായി ബിജെപി നേതാവ്
വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ 400 ഓളംവരുന്ന ഹിന്ദുക്കള്‍ വീടുപേക്ഷിച്ചു പോകാൻ നിർബന്ധിതരായതായി ബിജെപിയുടെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു. ആളുകള്‍ മതപരമായ പീഡനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതെന്നും സുവേന്ദു അധികാരി സാമൂഹികമാധ്യമം ആയ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വിശദമായ റിപ്പോർട്ട് നൽകാൻ മമത സർക്കാരിനോടും കേന്ദ്രത്തോടും ഹൈക്കോടതി നിർദേശം നൽകി
അക്രമ സംഭവങ്ങൾക്കുനേരെ കണ്ണടക്കാൻ കഴിയില്ലെന്ന് പറഞ്ഞ കൽക്കത്ത ഹൈക്കോടതി അക്രമം രൂക്ഷമായ മേഖലകളിൽ അർദ്ധ സൈനീക സേനയെ വിന്യസിക്കാൻ ശനിയാഴ്ച നിർദേശം നൽകിയിരുന്നു. അക്രമസംഭവത്തെ കുറിച്ച വിശദമായ റിപ്പോർട്ട് നൽകാൻ മമത സർക്കാരിനോടും കേന്ദ്രത്തോടും ഹൈക്കോടതി നിർദേശം നൽകി ഇത്സംബന്ധിച്ച് വാദം കേൾക്കൽ ഏപ്രിൽ 17 ന് നടക്കും.