ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതില്‍ സഭയിലെ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർ ഓം ബിർളയെ നേരില്‍ക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. മാർച്ച് 26 ബുധനാഴ്ച സഭയിലെത്തിയ രാഹുല്‍ സംസാരിക്കാൻ എണീറ്റപ്പോഴേക്കും സഭ പിരിച്ചുവിട്ട് അദ്ദേഹത്തിനു സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെതിരേ കോണ്‍ഗ്രസ് എംപിമാർ സ്പീക്കറെ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷനേതാക്കളുടെ പുതിയ നീക്കം. രാഹുലിന് സഭയില്‍ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
ചട്ടപ്രകാരം പ്രതിപക്ഷനേതാവ് എഴുന്നേല്‍ക്കുമ്പോഴെല്ലാം അദ്ദേഹത്തിന് സംസാരിക്കാനുള്ള അനുവാദമുണ്ട്.
ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്ന കാലത്തുപോലും പ്രതിപക്ഷനേതാവിനെ കേട്ടിരുന്നതില്‍നിന്നും വ്യത്യസ്തമാണ് സർക്കാർ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടിയെന്ന് “ഇന്ത്യ’ മുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാർലമെന്‍റിന്‍റെ ചട്ടപ്രകാരം പ്രതിപക്ഷനേതാവ് എഴുന്നേല്‍ക്കുമ്പോഴെല്ലാം അദ്ദേഹത്തിന് സംസാരിക്കാനുള്ള അനുവാദമുണ്ട്. എന്നാല്‍, ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ പോലും പ്രതിപക്ഷ നേതാവിന് സംസാരിക്കുന്നതിനുള്ള അവകാശം സർക്കാർ നിഷേധിക്കുകയാണെന്ന് മെമ്മോറാണ്ടത്തില്‍ ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ അവരുടെ മൈക്ക് ഓഫാക്കുന്ന നടപടിയും മെമ്മോറാണ്ടത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു.
ലോക്സഭയിലെ ശൂന്യവേള ആരംഭിച്ചശേഷം സ്പീക്കറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. കോണ്‍ഗ്രസിന്‍റെ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, സമാജ്‌വാദി പാർട്ടി നേതാവ് ധർമേന്ദ്ര യാദവ്, ഡിഎംകെയുടെ എ. രാജ, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനർജി, എൻസിപിയുടെ സുപ്രിയ സുലെ തുടങ്ങിയ നേതാക്കളാണു സ്പീക്കർക്ക് അദ്ദേഹത്തിന്‍റെ ചേംബറിലെത്തി മൊമ്മോറണ്ടം കൈമാറിയത്