തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടകര കുഴല്‍പ്പണക്കേസ് വെറും ഹൈവേ കവര്‍ച്ചക്കേസില്‍ ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് പോറലേല്‍പ്പിക്കാതെ നേതൃത്വത്തെ വെള്ളപൂശി കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇഡി നടത്തിയതെന്നും എം.വി ഗോവിന്ദന്‍ എ.കെ.ജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയെയും ബിജെപി നേതൃത്വത്തെയും സംരക്ഷിക്കുകയാണ് ഇഡി.
ഇഡി കുറ്റപത്രം സമര്‍പ്പിച്ചതോടെ ഭൂമി വാങ്ങാന്‍ ധര്‍മജന്‍ ഡ്രെവറുടെ കൈയില്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊള്ളയടിക്കപ്പെട്ടു എന്ന രീതിയിലേക്ക് കേസ് മാറി. ധര്‍മജന് ഈ പണം എവിടെനിന്ന് കിട്ടിയതാണ്? ശുദ്ധ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് ബിജെപിയെയും ബിജെപി നേതൃത്വത്തെയും സംരക്ഷിക്കുകയാണ് ഇഡി.
ഇഡിയുടെ നിലപാടിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും
ചില പ്രവര്‍ത്തനങ്ങള്‍ക്കുനേരെ ആര്‍എസ്എസും ബിജെപിയും കൈക്കൊള്ളുന്ന സമീപനം പോലെത്തന്നെയാണ് ഇഡിയും എടുക്കുന്നത്. ആര്‍എസ്എസിനും ബിജെപിക്കുംവേണ്ടി എന്തു വൃത്തികെട്ട നിലപാടും സ്വീകരിക്കാന്‍ ഇഡി തയ്യാറാവുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സിപിഎമ്മിനെതിരേ തിരിച്ചുവിട്ട്, പാര്‍ട്ടി നേതൃത്വത്തെയും പാര്‍ട്ടിയുടെ അക്കൗണ്ട് പോലും മരവിപ്പിച്ച് കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് കള്ളപ്രചാരണം നടത്താന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിലിലെന്ന് ഗോവിന്ദൻ പറഞ്ഞു.
ഇഡിയുടെ നിലപാടിനെതിരെ മാർച്ച് 29ന് കൊച്ചിയിലെ ഇഡിയുടെ ആസ്ഥാനത്തേക്ക് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.