കൊച്ചി: കാക്കനാട് ഭാഗത്തെ മൂന്നു വനിതാ ഹോസ്റ്റലുകളില്‍ അർദ്ധരാത്രി യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം.ഇന്നലെ (മാർച്ച് 22) പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുന്നുംപുറം ഭാഗത്തെ വനിതാ ഹോസ്റ്റലില്‍ മുഖംമറച്ചെത്തി അതിക്രമിച്ച് കയറിയ അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചക്കുകയായിരുന്നു. കഴുത്തിലും ദേഹത്തും അക്രമി സ്പർശിച്ചതോടെ ഉറക്കമുണർന്ന യുവതി ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഹോസ്റ്റലില്‍ മുൻവശത്തെ വാതില്‍ പൂട്ടിയിരുന്നില്ല.
ഹോസ്റ്റലിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോൾ അക്രമി ഹോസ്റ്റലിലെ മുറികളില്‍ കടന്ന് പരിശോധന നടത്തിയതായി കണ്ടെത്തി.. ഈ മുറികളില്‍ താമസക്കാരുണ്ടായിരുന്നില്ല. തുടർന്ന് പുറത്തു പോയ ഇയാള്‍ വീണ്ടും തിരിച്ചെത്തിയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്ന സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ മുൻവശത്തെ വാതില്‍ പൂട്ടിയിരുന്നില്ല.
മറ്റ് രണ്ട് ഹോസ്റ്റലുകളിലും അക്രമി എത്തി.
ഭാരത മാതാ കോളേജിന് സമീപമുള്ള ഹോസ്റ്റലിലും അക്രമിയെത്തി. പുലർച്ചെ രണ്ടരയോടെയാണ് ഇവിടെ അന്തേവാസികളെ ശല്യപ്പെടുത്താൻ ശ്രമം നടന്നത്. മറ്റൊരു ഹോസ്റ്റലിലും അതിക്രമത്തിന് ശ്രമിച്ചതായി വിവരമുണ്ടെങ്കിലും പൊലീസില്‍ പരാതി എത്തിയിട്ടില്ല.ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തിരിച്ചറിയാതിരിക്കാൻ മുഖവും ദേഹവും തുണി കൊണ്ട് മറച്ചിരുന്നു.പീഡനശ്രമം നേരിട്ട യുവതിയില്‍ നിന്ന് ഇന്നലെ രാത്രിയോടെ മൊഴിയെടുത്ത് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഷണ ശ്രമമല്ലെന്നാണ് പൊലീസിന്റെ നിഗമനം.