ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക ശക്തമായി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരെ നാടുകടത്തുന്ന വിഷയത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് അമേരിക്കയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.
സുരക്ഷയെ മാനിച്ച് കുടിയേറ്റക്കാരെ ബന്ധിക്കാറുണ്ട്
അനധികൃത കുടിയേറ്റക്കാരുമായി എത്തിയ മൂന്നു വിമാനങ്ങളിലും പഞ്ചാബില്‍നിന്നുള്ളവരോട് തലപ്പാവുകള്‍ നീക്കം ചെയ്യാൻ അമേരിക്കൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടില്ല. നാടുകടത്തലിനുള്ള അമേരിക്കയുടെ 2012 മുതലുള്ള നടപടിക്രമങ്ങള്‍ പ്രകാരം സുരക്ഷയെ മാനിച്ച് കുടിയേറ്റക്കാരെ ബന്ധിക്കാറുണ്ടെന്നും എന്നാല്‍ ഫെബ്രുവരി 15നും 16നും ഇന്ത്യയില്‍ ഇറങ്ങിയ വിമാനത്തില്‍ സ്ത്രീകളെയും കുട്ടികളെയും ബന്ധിച്ചിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം സഭയില്‍ വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതല്‍ 388 പേരെ നാടുകടത്തി
ഈ വർഷം ജനുവരി മുതല്‍ 388 ഇന്ത്യക്കാരെ അമേരിക്കയില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു. ഇതില്‍ 333 പേരെ അമേരിക്ക മൂന്ന് ചാർട്ടേഡ് വിമാനങ്ങള്‍ വഴി നേരിട്ടും 55 പേരെ വാണിജ്യ വിമാനങ്ങളില്‍ പാനമ വഴിയുമാണ് നാടുകടത്തിയിട്ടുള്ളത്