കേരള തീരത്ത് ആദ്യമായി ഒരു പുതിയയിനം പവിഴജീവികളുടെ ആവാസമേഖല കണ്ടെത്തി. ഡിപ്സാസ്ട്രിയ ഫാവസ് (Dipsastraea favus) എന്ന ഈ പവിഴയിനം മുൻപ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.തിരുവനന്തപുരം വിഴിഞ്ഞത്ത്, സെന്റ് ആൻഡ്രൂസ് സ്വദേശിയായ മത്സ്യത്തൊഴിലാളി തദയൂസ് ആണ് കടലിൽ 22 മീറ്റർ ആഴത്തിൽ ഈ പവിഴജീവി മേഖല ആദ്യം കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (FML) അധികൃതരെ വിവരമറിയിച്ചു.
ഇതുവരെ കേരളത്തിൽ ഈ യിനം റിപ്പോർട്ട് ചെയ്തിട്ടില്ല
ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫിന്റെയും സ്കൂബാ കൊച്ചിയുടെയും നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ പവിഴജീവികൾ ഡിപ്സാസ്ട്രിയ ഫാവസ് എന്നയിനത്തിൽപ്പെട്ടതാണെന്ന് മനസിലാക്കിയത്. ഇതുവരെ കേരളത്തിൽ ഈ യിനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് FML ചീഫ് കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു.
ഈ മേഖല മുഴുവൻ ഡിപ്സാസ്ട്രിയ ഫാവസ് പവിഴജീവികളാൽ മൂടിയിരിക്കുന്നു.
തുമ്പ മുതൽ പുത്തൻതോപ്പ് വരെയുള്ള ഏകദേശം മൂന്ന് കിലോമീറ്റർ നീളമുള്ള പ്രദേശത്താണ് ഈ പവിഴജീവി മേഖല സ്ഥിതി ചെയ്യുന്നത്. ഇവിടെ ലാറ്ററൈറ്റിക് പാളികൾ ചേർന്ന് രൂപംകൊണ്ട ഉറച്ച കടൽത്തറയാണുള്ളത്. ഈ മേഖല മുഴുവൻ ഡിപ്സാസ്ട്രിയ ഫാവസ് പവിഴജീവികളാൽ മൂടിയിരിക്കുന്നു.
ജൈവ വൈവിധ്യത്തെ വിശദമായി പഠിക്കും
ഈ മേഖലയിലെ ജൈവ വൈവിധ്യത്തെ വിശദമായി പഠിക്കാൻ FML, കേരള യൂണിവേഴ്സിറ്റിയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, സ്കൂബാ കൊച്ചിൻ, സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഒഫ് ഫിഷറീസ് സൊസൈറ്റീസ് (SIFFS), അധ്വാനി തുടങ്ങിയ സംഘടനകൾ ചേർന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്
