സിറിയയിലെ തീരദേശ മേഖലയില്‍ അസദിന്റെ അനുകൂലികളും സൈന്യവും തമ്മിൽ പോരാട്ടം രൂക്ഷമായി

ദമസ്‌കസ് | സിറിയയിലെ തീരദേശ മേഖലയില്‍ മുന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ അനുകൂലികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 2024 ഡിസംബറില്‍ ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാറിനെ അട്ടിമറിച്ചതിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിത പോരാട്ടമാണിത്.

ഏറ്റുമുട്ടലില്‍ 120ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്

കഴിഞ്ഞ ദിവസം ലതാകിയയില്‍ സൈന്യത്തിന് നേര്‍ക്ക് അസദ് അനുകൂലികള്‍ ആക്രമണം നടത്തിയതാണ് സംഘര്‍ഷത്തിന്റെ തുടക്കം. അതേസമയം, സൈനികരും സാധാരണക്കാരും ആയുധധാരികളും അടക്കം ഏറ്റുമുട്ടലില്‍ 120ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് സിറിയയിലെ യുദ്ധനിരീക്ഷക മനുഷ്യാവകാശ സംഘടന പറയുന്നത്. നിലവില്‍ ലതാകിയയില്‍ സ്ഥിതി ശാന്തമാണെങ്കിലും ത്വര്‍ത്തൂസിലും അസദിന് പിന്തുണയുള്ള അലവൈത്ത് സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും പോരാട്ടം രൂക്ഷമാണ്. ലതാകിയയിലും ത്വര്‍ത്തൂസിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിറിയയിലെ പുതിയ ഭരണകൂടത്തിന് കീഴില്‍ തങ്ങള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നതായാണ് അലവൈത്ത് സമൂഹത്തിന്റെ ആരോപണം. അസദിന്റെ ഭരണകാലത്ത് സൈന്യത്തിലും മറ്റു ഭരണവകുപ്പുകളിലും അലവൈത്ത് സമൂഹത്തിന് വലിയ പ്രാതിനിധ്യമുണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →