ഡല്‍ഹി: .മണിപ്പുരില്‍ വംശീയ കലാപത്തിൽ തകർന്ന ആരാധനാലയങ്ങൾ പുനർനിർമ്മിക്കും.2023 മേയ് മൂന്നിന് മണിപ്പുരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ഈ കലാപത്തില്‍ ഇരുവിഭാഗങ്ങളുടെയും 386 മതസ്ഥാപനങ്ങള്‍ തകർന്നിട്ടുണ്ടെന്നാണ് മണിപ്പുർ സർക്കാർ 2023 ഓഗസ്റ്റില്‍ സുപ്രീംകോടതിയെ അറിയിച്ചത്. അതേസമയം, കലാപം തുടങ്ങിയതിനുശേഷമുള്ള ആദ്യ 36 മണിക്കൂറിനുള്ളില്‍ 249 പള്ളികള്‍ തകർന്നിട്ടുണ്ടെന്നു ഇംഫാല്‍ ആർച്ച്‌ബിഷപ് ഡൊമിനിക്ക് ലൂമോണ്‍ ചൂണ്ടിക്കാട്ടി. കലാപകാരികള്‍ മതസ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന നിഗമനത്തില്‍ 2023 സെപ്റ്റംബറില്‍ മേല്‍ക്കോടതി പള്ളികളും ക്ഷേത്രങ്ങളും സംരക്ഷിക്കാൻ ഉത്തരവിട്ടിരുന്നു.
തകർന്ന ആരാധനാലയങ്ങള്‍ പുനർനിർമിക്കാൻ അമിത് ഷായുടെ നിർദേശം
മണിപ്പുരില്‍ വംശീയ കലാപത്തില്‍ തകർന്ന ആരാധനാലയങ്ങള്‍ പുനർനിർമിക്കാൻ സംസ്ഥാന ഭരണകൂടത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നല്‍കി. മണിപ്പുരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഈ മാസമാദ്യം ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് ആരാധനാലയങ്ങള്‍ പുനർനിർമിക്കാൻ നിർദേശം നല്‍കിയത്.
സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അമിത് ഷാ ഉന്നതതല യോഗത്തില്‍ നിർദേശം നല്‍കി. രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തിയതിനുശേഷം നടത്തിയ ആദ്യ സുരക്ഷാ അവലോകനയോഗത്തില്‍ മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ അറിയിച്ചു. അതിനിടെ, അനധികൃത ആയുധങ്ങള്‍ മടക്കിനല്‍കാൻ കേന്ദ്രം നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.

